ചാമ്പക്കാ അച്ചാർ( Water Rose Apple Pickle)

2015-12-15
 • Servings: അതെ
 • Ready In: 20m

ഇതു ചാമ്പക്കാ സീസൺ അല്ലെ , അപ്പൊ നമ്മുക്ക് ചാമ്പക്കാ വച്ച് ഒരു അച്ചാർ ഉണ്ടാക്കാം. എന്റെ അമ്മ ഇങ്ങനെ ചാമ്പക്ക അച്ചാർ, ഓറഞ്ച് തോൽ അച്ചാർ, മുന്തിരി അച്ചാർ, ഇരുമ്പൻ പുളി അച്ചാർ, ക്യാരറ്റ് അച്ചാർ, ബീറ്റ്രൂട്ട് അച്ചാർ, മാങ്ങ,നാരങ്ങ, നെല്ലിക്ക ,പാവക്കാ അങ്ങനെ വിവിധതരം അച്ചാറുകൾ ഉണ്ടാക്കാൻ ഒരു വിദഗ്ധ തന്നെയാണെ… എന്റെ വീട്ടിൽ ആണെ അച്ചാറു കൊതിയനായ എന്റെ ചേട്ടച്ചാരുണ്ടെ…അമ്മ അച്ചാർ ഒക്കെ ഇട്ടു തീരുമ്പൊഴെക്കും “ഞാൻ ഒന്ന് ഉപ്പുണ്ടൊന്നു നോക്കട്ടെ ന്നു” പറഞു വരുന്നെ കാണാം. പിന്നെ അച്ചാർ പകുതി എങ്കിലും ആശാൻ കൊതി കൊണ്ടും, രുചി കൊണ്ടും
നിന്ന നിൽപ്പിൽ അകത്താക്കുകെം ചെയ്യും….അതാണു അമ്മയുടെ ഒരു കൈപുണ്യവും…പിന്നെ ഞാനാണെലും.ഒരു ചാമ്പക്കാ കൊതിച്ചിയാ… അതു പറയുമ്പോൾ ചില കുട്ടി കാല ഓർമകൾ കൂടി പറയാതെ വയ്യ.
ആദ്യം ഒന്നും എനിക്കു ചാമ്പക്ക അത്ര ഇഷ്ടം ഒന്നും അല്ലായിരുന്നുട്ടൊ…വീട്ടിലും അടുത്ത വീട്ടിലും ഒക്കെ ആയിട്ട് ഞങ്ങൾ ആ പരിസരത്ത് ഉള്ള കുട്ടി പട്ടാളത്തിനു കല്ലെറിയാനും, ഉപ്പു കൂട്ടി തിന്നാനും ഉള്ള മാങ്ങയും, കൂടാതെ ചാമ്പക്കയും, നെല്ലിക്കാ പുളിയും, കാരക്കയും, ഇരുംബൻ പുളിയും അങ്ങനെ
എല്ലാം സുലഭമായിട്ട് ഉണ്ടായിരുന്നു. വെക്കെഷൻ ആയാൽ പിന്നെ പറയണ്ട,ഞങ്ങൾ കുട്ടികൾ എല്ലാരും കളിയും ,ചിരിയും പാട്ടും കൂട്ടും ഒക്കെ ആയി ഈ മരചൊട്ടിലൊക്കെ തന്നെ ആയിരിക്കും. വീട്ടിൽ നിറയെ മരങ്ങൾ ആയിരുന്നു,മൊട്ടപഴവും, പ്ലാവും,മാവും അതൊന്നും കൂടാതെ വലിയൊരു പേര മരം ഉണ്ടായിരുന്നു. അത് നല്ല വലിയ ചുവന്ന പേരക്ക ഉണ്ടാകുന്ന പേര മരം.ഹൊ എന്തു മധുരമായിരുന്നെന്നൊ ആ പേരക്കക്ക്. മെയിൻ റോഡിന്റെ വക്കത്തെക്ക് ഒന്ന് ചാഞ്ഞ് ആ പേരമരം അങ്ങനെ നിന്നിരുന്നു.എല്ലാ കാലങ്ങളിലും അതിലു പേരക്ക ഉണ്ടാകുമായിരുന്നതും ആ മരതിന്റെ ഒരു സവിശെഷത ആയിരുന്നു … റോഡിലൂടെ പോകുന്നെ എല്ലാരുടെം കണ്ണു അതിലു വിളഞ്ഞ് കിടക്കുന്ന പേരക്കകളിലായിരുന്നു…അതു വഴി പോകുന്നവരും,വരുന്നവരും എല്ലാം അതിൽ നിന്ന് പേരക്ക പൊട്ടിച്ച് ശാപ്പിടാറും ഉണ്ടായിരുന്നു,,,അതു കൂടാതെ അണ്ണാറകണ്ണന്മാരും, വവ്വാലും,വാലാട്ടി കിളിയും ,കുഞി കിളികളും,കാക്കയും എല്ലാരും യതെഷ്ടം പേരക്ക കഴിച്ച് വയറു നിറച്ചിരുന്നു.. പിന്നീട് വീടു പൊളിച്ച് പണിതപ്പൊൾ ആ പേരമരം മുറിക്കെണ്ടി വന്നു,അന്നു ഞാനും ,എന്റെ ചേട്ടനും ,ഞങ്ങളുടെ കൂട്ടുകാരും മാത്രം ആയിരിക്കില്ല… ആ വഴിയാത്രക്കാരും, അണ്ണാറ കണ്ണന്മാരും ,കിളികളും എല്ലാരും കരഞിട്ട് ഉണ്ടാകും അത്ര സങ്കടം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു അത്.പിന്നീട് പകരം ഒരു വെള്ള പേര വച്ചു പിടിപ്പിച്ചെങ്കിലും അത് ഇപ്പൊൾ വളർന്ന് വലുതായി കുറെ പേരക്ക തരുന്നുണ്ടെങ്കിലും മറ്റെ പേരയുടെ പോലെ ഒരു ഇഷ്ടം അതിനൊട് ഇല്ല എന്നുള്ളതാനു സത്യം.ഇപ്പൊഴും ഞാനും എന്റെ ചേട്ടനും ഞങ്ങളുടെ കുട്ടികാല ഓർമകളെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമയിലെക്ക് എത്തുന്നതും ആ മരം തന്നെ.ആ അപ്പൊൾ നമ്മൾ പറഞു വന്നെ ചാമ്പക്കയെ കുറിച്ച് …സുലഭമായിട്ട് ചാമ്പക്ക കിട്ടുമ്പോഴൊന്നും ഞാൻ വലിയ മൈൻഡ് കാണിച്ചിട്ട് ഇല്ല.പിന്നീട്
ചാമ്പക്കാ ഉണ്ടാക്കാതെ സീസണിലു നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ ” പാത്തുമ്മയുടെ ആട്”, വായിച്ച് ഇല കാണാത്തെ പൊലെ ചാമ്പക്ക ഉണ്ടായി കിടക്കുന്ന ചാമ്പമരത്തെ കുറിച്ചും ,അതിന്റെ രുചിയെ കുറിച്ചും വായിച്ച് മനോരാജ്യം കണ്ട് , ഞാൻ ഒരു ചാമ്പക്ക എങ്കിലും തിന്നാൻ കൊതിച്ച് ഞങ്ങളുടെ പരിസരത്തുള്ള ഒരു മിക്ക ചാമ്പമര ചൊട്ടിലും ചുറ്റിട്ടും ഉണ്ട്. എന്തു കാര്യം കുറെ ഉറുമ്പ് കടി കൊണ്ടത് മാത്രം മിച്ചം … പിന്നീട് ഒരിക്കലും എനിക്ക് ചാമ്പക്കയോടുള്ള ഇഷ്ടം ഒട്ടും കുറഞിട്ട് ഇല്ല ,കൂടിയതെ ഉള്ളു,,, നല്ല മജന്ത കളറിലുള്ള ചാമ്പക്കാ പൂവും ഞങ്ങൾ കുട്ടികളു പൊട്ടിച്ച് പങ്കിട്ട് കഴിക്കുമായിരുന്നു… അതൊക്കെ ഒരു കാലം ,ഓർക്കാൻ തന്നെ എന്തു സുഖം.ഇപ്പൊഴത്തെ കുട്ടികൾ ക്കാണെങ്കിൽ എന്തായിരിക്കും ഈ ബാല്യകാലത്തെ കുറിച്ച് ഓർമിക്കാൻ ഉണ്ടാകുക എന്ന് ഞാൻ ആലൊച്ചിക്കാറുണ്ട്, കമ്പ്യൂട്ടർ ഗെയിം കളിച്ചതും ,KFC ലു പൊയി ചിക്കൻ കഴിച്ചതൊക്കെ ആവും….. എനിക്കറിയാം ഇതു വായിക്കുമ്പോൾ കൂട്ടുകാരിൽ ചിലരെങ്കിലും സ്വന്തം കുട്ടികാലത്തെ കുറിച്ച് ഓർമ്മിച്ച് കാണും ന്ന് ….OK …എന്തായാലും ഞാൻ അധികം പറഞ് സെന്റി ആക്കുന്നില്ല ….
അപ്പൊ നമ്മുക്ക് തുടങ്ങാം.

Ingredients

 • ചാമ്പക്ക - 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
 • വെള്ളുതുള്ളി -6-7അല്ലി
 • ഇഞ്ചി -1/2 റ്റീസ്പൂൺ
 • പച്ചമുളക് -2-3
 • മുളക്പൊടി - 2-3 റ്റീസ്പൂൺ
 • കായപൊടി-1/4 റ്റീസ്പൂൺ
 • ഉലുവാപൊടി -3 നുള്ള്
 • കറിവേപ്പില -1 തണ്ട്
 • വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
 • എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
 • ഉപ്പ്,കടുക്- പാകത്തിനു

Method

Step 1

ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.

Step 2

പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.

Step 3

ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)

Step 4

ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.

Step 5

ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം

Step 6

ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം

Step 7

ഉണ്ടാക്കിയ ഉടൻ തന്നെ ഈ അച്ചാർ ഉപയൊഗിക്കാവുന്നതാണു. ചില അച്ചാറുകൾ ഉണ്ടാക്കി കുറച്ച് ദിവസം കഴിഞ് ഉപയോഗൊക്കുന്നതാവും രുചികരം.എന്നാൽ ഇത് അങ്ങനെ അല്ല. അങ്ങനെ നല്ല രുചികരമായ ചാമ്പക്കാ അച്ചാർ തയ്യാർ. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.