Loader

റാഗി ഓട്ട്സ് മുട്ട അടുക്കും ,ക്യാരറ്റ് ചമ്മന്തിയും (Raggi Oats Egg Wrap with Carrot Chutney)

By : | 0 Comments | On : February 11, 2017 | Category : Uncategorized

റാഗി ഓട്ട്സ് മുട്ട അടുക്കും ,ക്യാരറ്റ് ചമ്മന്തിയും:-
#Raggi-Oats #Egg_Wrap with #Carrot_chutney

തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ)
കളറ് കണ്ട് ആരും ബേജാറാവണ്ടാ ട്ടോ… നല്ല ടേസ്റ്റി ആണ് .. പിന്നെ ഹെൽത്തി ആണെന്ന് പറയാതിരിക്കാനും വയ്യ. കാരണം

മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

ഓട്ട്സ് – ഒരു കപ്പ്
റാഗി വറുത്ത് പൊടിച്ചത്-
ഒരു കപ്പ്
ചെറുപയർ – ¼ കപ്പ്
അവിൽ- ¼ കപ്പ്
ഗോതമ്പ് – ½ കപ്പ്

ഓട്ട്സ് മിക്സിയിൽ പൊടിചെടുക്കുക.

അരക്കുന്നതിന്റെ പത്തു മിനിറ്റ് മുമ്പ് അവിൽ വെള്ളത്തിൽ കുതിർത്തു വെക്കുക.

ചെറുപയർ 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക.

എല്ലാം ഓരോന്നായി ഇട്ടു ഒരു കപ്പ് വെള്ളം കൂട്ടി മിക്സിയിൽ അരച്ചെടുക്കുക.

ആവിശ്യത്തിന് ഉപ്പിട്ടു 10 – 15 മിനിറ്റ് മാറ്റി വെക്കുക.

ഇനി കുറച്ച് വെജിറ്റബിൾസ് സ്റ്റഫ് ചെയ്യാനായി എടുക്കാം:
കേരറ്റ് – 3
കേപ്‌സിക്കം – 1
കേബേജ് – 3 ഇതൾ
സവാള – 1 ചെറുത്

എല്ലാം നേർമ്മയായി അരിഞ്ഞു ബട്ടറിൽ അല്ലെങ്കിൽ നെയ്യിൽ വഴറ്റി എടുക്കുക.

വഴറ്റുമ്പോൾ ഒരു നുള്ള് ഉപ്പും കുരുമുളക് പൊടിയും ഇട്ടോളൂ..

ഒരു ബൗളിൽ 2 മുട്ട പൊട്ടിച്ചിട്ടു ഒരു പിടി അരിഞ്ഞ സവാള ഒരു പച്ചമുളക് ഒരു നുള്ള് ഉപ്പ് എന്നിവയിട്ടു അടിച്ചു വെക്കുക.

ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി അതിലേക്ക് റാഗി-ഓട്സ് കൂട്ട് ഒരു കൈലി ഒഴിച്ചു പരത്തുക.

ഒരു ഭാഗം മൊരിഞ്ഞ് വന്നാൽ മുകളിൽ എണ്ണ തടവി തിരിച്ചിട്ടു ചുട്ടെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റി വെച്ചോളൂ…

ഈ പാനിൽ തന്നെ മുട്ട ഒഴിച്ചു ഒരു ഭാഗം വെന്തുവന്നാൽ മുകളിൽ ദോശ 2 മിനിറ്റ് വെച്ചു തിരിച്ചിടുക.

ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി വെജിറ്റബിൾസ് വെച്ചു റോൾ ചെയ്യുക.

ഇതിനോടൊപ്പം ഒരു ചമ്മന്തി ആവാം ലേ…
ചേരുവകള്:
തേങ്ങ – അരകപ്പ്
പുതിനയില ,മല്ലിയില –
ഒരു കപ്പ്
കറിവേപ്പില – 3 തണ്ട്
കേരറ്റ് – ഒന്ന് ചെറുത്
ഉപ്പ് -ആവശ്യത്തിന്
നാരങ്ങനീര് / വിനീഗർ- 2
ടീസ്പൂണ്
പച്ചമുളക് – 6 എണ്ണം,
വെളുത്തുള്ളി- 4 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം:
√ തേങ്ങ ചിരകിയത് പൊതിനയില, മല്ലിയില, കറിവേപ്പില, കേരറ്റ് മിക്സിയിൽ നന്നായി ഒതുക്കിയെടുക്കുക.

√ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.

√ മിക്സിയില് നിന്ന് പാത്രത്തിലേക്ക് മാറ്റുമ്പോൾ വിനാഗിരി / നാരങ്ങനീര് ചേർത്തിളക്കുക.

ദോശയും ചമ്മന്തിയും വെജിറ്റബിൾസും എല്ലാം കൂടി ഒരുമിച്ചു സേർവ് ചെയ്യാം..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.