വറുത്തരച്ച സാമ്പാർ (Sambar)
വറുത്തരച്ച സാമ്പാര്‍
ഈസ്റ്റേണ്‍ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി : ഫാത്തിമ ഫാത്തി
അല്പമൊന്ന് ബുദ്ധിമുട്ടാനുള്ള മനസ്സും സമയവുമുണ്ടെങ്കില്‍ കടയില്‍ നിന്നു വാങ്ങുന്ന പൊടി ഉപയോഗിക്കാതെ ചേരുവകള്‍ വറുത്തരച്ചുണ്ടാക്കുന്ന സാമ്പാറും പരീക്ഷിക്കാവുന്നതാണ്. അതിന്റെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്.
ഇതിനാവശ്യമുള്ള സാധനങ്ങള്‍ :
സാമ്പാര്‍ കഷ്ണങ്ങള്‍ :-
സവാള – 1
ഉരുളക്കിഴങ്ങ് – 2 വലുത് മുരിങ്ങക്കായ 2
വെണ്ടയ്ക്ക 6
തക്കാളി – 2
വഴുതിന – 1
കേരറ്റ് – 2
വെള്ളരിക്ക 100 ഗ്രാം
നേന്ത്രക്കായ – 1
ഇത്രയുമാണ് ഞാന്‍ എടുത്തത്. നിങ്ങള്‍ ഇഷ്ടമുള്ള പച്ചക്കറികള്‍ എടുത്തോളൂ.
തുവരപ്പരിപ്പ് :- 200 ഗ്രാം.
പുളി :- ചെറുനാരങ്ങാ വലുപ്പത്തില്‍.
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കായം പൊടി: 1 ടീസ്പൂണ്‍
വറുത്തരയ്ക്കാന്‍:
മല്ലി :- 5 ടീസ്പൂണ്‍
മുളക് :- 8-10 എണ്ണം (എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. കൂടുതലാവാതെ ശ്രദ്ധിക്കണം.)
ഉലുവ :- കാല് ടീസ്പൂണ്‍.
കടലപ്പരിപ്പ് :- 2 ടീസ്പൂണ്‍.
തേങ്ങ:- 1/4 കപ്പ്
കറിവേപ്പില:- ഒരു തണ്ട്.
വറുക്കാന്‍ ആവിശ്യമായവ:
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 2 ടീസ്പൂണ്‍
വറ്റല്‍മുളക് – 3
കറിവേപ്പില – 3 തണ്ട്
ഉണ്ടാക്കുന്ന വിധം :
* പുളി കുറച്ചു ചൂടിവെള്ളത്തിലിട്ടു വെച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞാല്‍ പിഴിഞ്ഞെടുത്തു മാറ്റി വെക്കുക.
* പരിപ്പ് മഞ്ഞള്‍ പൊടിയും കുറച്ച് ഉപ്പും ഇട്ടു കുക്കറില്‍ വേവിച്ച് എടുക്കുക. ഒരു ബൗളിലേക്ക് മാറ്റി നന്നായി ഉടച്ചു വയ്ക്കുക.
* പച്ചക്കറികള്‍ ഇടത്തരം വലിപ്പത്തില്‍ അരിഞ്ഞു വെക്കുക. ഈ കുക്കറില്‍ തന്നെ പച്ചക്കറികളും (വെണ്ടയ്ക്ക വഴുതിന ഇപ്പോള്‍ വേവിക്കേണ്ടതില്ല) മഞ്ഞള്‍പ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് രണ്ടു വിസിലിനു വേവിച്ചെടുക്കുക.
* വറുത്തരയ്ക്കാനുള്ള ചേരുവകള്‍ എല്ലാം കൂടി ഒരു ചീനച്ചട്ടിയിട്ട് വറുക്കുക. എണ്ണ ഒഴിക്കേണ്ടതില്ല. തീ കുറച്ചു വെച്ച് തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കണം. മൂത്ത മണം വരുമ്പോള്‍ ഉടനെ വാങ്ങി മറ്റൊരു പാത്രത്തിലേക്കിടുക. ചീനച്ചട്ടിയുടെ ചൂടില്‍ത്തന്നെ ഇരുന്നാല്‍ മൂപ്പധികമാവുകയോ കരിയുകയോ ചെയ്യും. ഒരുപാട് മൂത്ത് കറുത്തുപോയാല്‍ സാമ്പാര്‍ ഇരുണ്ടനിറമാവും, സ്വാദും കുറയും. ശരിയായ പാകത്തില്‍ വറുത്തെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വറുത്ത ചേരുവകള്‍ ആറിയശേഷം ഒരു സ്പൂണ്‍ കായവും ചേര്‍ത്ത് വെണ്ണപോലെ അരച്ചെടുക്കുക.
* പച്ചക്കറികള്‍ വെന്ത ശേഷം പരിപ്പ് ചേര്‍ത്ത് ഒന്നു തിളപ്പിക്കുക. പിന്നെ അരപ്പും പുളിവെള്ളവും പാകത്തിന് വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അഞ്ചാറു കറിവേപ്പില ഇടുന്നത് നല്ലതാണ്.
* ഇനി ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ചു വെളിച്ചെണ്ണ കഴിച്ചു കടുകും വറ്റല്‍മുളകും കറിവേപ്പിലയും കൂടെ വെണ്ടക്ക വഴുതിന എന്നിവയും ഇട്ടു വറുത്തെടുക്കുക. ഇത് സാമ്പാറിലേക്ക് ഒഴിച്ചു മീതെ കുറച്ചു മല്ലിയില (ഇഷ്ടമാണെങ്കില്‍) അരിഞ്ഞതും ഇട്ടു ചൂടോടെ സേര്‍വ് ചെയ്യാം.
(EMPOK #1)















posted by Subha Shinil on August 28, 2016
????